Thursday, September 23, 2010

നിനവുകൾ.. മുറിവുകൾ

                                    നിറഞ്ഞ കണ്ണുകൾ……
                                    മുറിഞ്ഞ വാക്കുകൾ……
                                    മനസ്സിലോർമ്മയായ്…..
                                    പിരിഞ്ഞ കൈവഴി……


                                    ഒരിക്കൽ നീ തന്ന….
                                    കൊടിയ ചുംബനം…..
                                    പനിച്ചു പൊള്ളുന്നൂ….
                                    ഈ തണുത്ത രാവിലും…..


                                    മരിച്ചുപോവിലും……
                                   ചിതയിൽ നീറുമാ……
                                   കറുത്ത ചുംബനം……
                                   തിരിച്ചെടുക്കുക………….




                                                    കടപ്പാട്: ശ്രീനാഥൻ സാർ

Monday, August 23, 2010

ഓണാശംസകൾ……

സ്വല്പം ….വൈകിപ്പോയെന്നറിയാം….
സദ്യയുടെ തിരക്കിലായിരുന്നു…….
എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കൾക്കും…
ഹൃദയം നിറഞ്ഞ ഓണാശംസകൾ……

Sunday, August 8, 2010

കറുപ്പ് + വെളുപ്പ് = നിറങ്ങൾ

കറുത്ത കട്ടി സ്ലേറ്റിൽ..
മുറിഞ്ഞ പെൻസിൽ കൊണ്ടൊരു…വെളുത്ത മാങ്ങ…
അതിനടുത്തൊരു ചരടില്ലാപട്ടം…
പിന്നെ ആന, മയിൽ, പൂവ്, മനുഷ്യൻ…..
ചെറുതും വലുതുമായ് ….മഷിത്തണ്ടിൽ മാഞ്ഞ്…
വീണ്ടും തെളിയുന്ന നനുത്ത നക്ഷത്രക്കൂട്ടങ്ങൾ..
പൊട്ടിച്ചിരിപോലെ…ചിതറുന്ന അക്ഷരമാലകൾ…
എല്ലാം വെളുത്തവ…, മനസ്സുപോലെ…
നിറമില്ലാതെ തന്നെ..മനസ്സിൽ നിറയും നിറങ്ങൾ…
മായ്ച്ചും വരച്ചും…വരച്ചും മായ്ച്ചും….
മനസ്സിൽനിന്നൊരിക്കലും മായാതെ നിൽക്കുന്നു…
നിറപ്പകിട്ടോടെയാ നിശ്ശബ്ദ ചിത്രങ്ങൾ….

എവിടെപ്പോയെന്റെ…സ്വർഗ്ഗീയബാല്യമേ…......
ജീവിതത്തിൻ ഇടവഴിയിൽ…പകച്ചു ഞാൻ നിൽപ്പൂ……..
നിറങ്ങളില്ലാതെ…….

Tuesday, August 3, 2010

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും………..

സംശ്ശ്യ്യ്യ്…ന്താ….
ക്ഷീരംതന്നെ ക്ടാവിന്ന് കൌതുകം……

Monday, July 26, 2010

ഇരുളും വെളിവുമില്ലാതെയുഴറി നടന്നപ്പോൾ…
ഞാനറിഞ്ഞില്ലതു പ്രണയമായിരുന്നെന്ന്….
വഴികൾ പിരിയുന്നിടം കൈവീശി നീ … മറുവശം നടന്നപ്പോഴാണ്
ഞാനറിഞ്ഞത് നീയെന്നെപ്പിരിയുകയാണെന്ന്…
നിറഞ്ഞ ജീവിതം നിനക്ക്….
മുറിഞ്ഞമനസ്സ്.എനിക്ക്…..

Thursday, July 22, 2010

ധന്യമീ…… രാമായണമാസം……( അവസാന ഭാഗം)

കാരണമില്ലാതെ ഒരു കാര്യവുമുണ്ടാകില്ല എന്ന സത്യമാണ് രാമായണത്തിന്റെ താത്ത്വികമായ അടിസ്ഥാനം. നന്മതിന്മകളുടെ സംഘട്ടനങ്ങൾക്കൊടുവിൽ തിന്മയ്ക്കുമേൽ നന്മയുടെ ആത്യന്തികവിജയം ഉദ്ഘോഷിക്കുമ്പോഴും..നന്മതിന്മകൾ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന സത്യം കൂടി രാമായണം നമുക്ക് മുൻപിൽ തുറന്നുകാട്ടുന്നു. ഒന്നിന്റെ നിലനിൽപ്പ് മറ്റൊന്നിനെ ആശ്രയിച്ചിട്ടാണെന്ന……പരസ്പരാശ്രിതത്വത്തിനെ സാധാരണജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ ലളിതമായാണ് രാമായണത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് ശ്രീരാമപട്ടാഭിഷേകസമയത്ത് മന്ഥര രംഗപ്രവേശം ചെയ്യുന്നതും കൈകേയിയോട് അതു തടയുവാനും ഭരതകുമാരനെ..രാജാവായി വാഴിക്കാൻ ദശരഥമഹാരാജാവിനോട് ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നതും…കൈകേയി മന്ഥരാവാക്യം കേട്ട് ദശരഥനോട് പണ്ട് നൽകാമെന്നേറ്റിരുന്ന രണ്ടു വരം അപ്പോൾ ആവശ്യപ്പെടുന്നതും അതിൻ തുടർച്ചയായി ശ്രീരാമൻ പിതാവിന്റെ വാക്ക്പാലിക്കാനായി സീതയോടും ,ലക്ഷമണനോടും കൂടി വനവാസത്തിനു പുറപ്പെടുന്നതും ആ വനവാസത്തിനിടയ്ക്ക് തന്റെ അവതാരോദ്ദ്യേശ്യങ്ങളോരോന്നായി പൂർത്തീകരിക്കുന്നതും…സീതാദേവി അപഹരിക്കപ്പെടുന്നതും…ഒടുവിലതു ലങ്കാദഹത്തിലും രാവണനിഗ്രഹത്തിൽ കലാശിക്കുന്നതും ഒക്കെ….ഇവിടെ മന്ഥര എന്ന കാരണം അവസാനിക്കുന്നത് അഹങ്കാരത്തിന്റെയും,രാക്ഷസീയതയുടെയും ..സർവോപരി തിന്മയുടെ മൂർത്തിമദ്രൂപമായ രാവണന്റെ അന്ത്യം എന്ന കാര്യത്തിലാണ്.
അതുപോലെ പലർക്കും സംശയമുള്ളത് സീതാപഹരണവുമായി ബന്ധപ്പെട്ടാണ്..രാവണനെപ്പോലെ തന്നെ പലരും ധരിച്ചുവെച്ചിരിക്കുന്നത് രാവണൻ ശരിക്കും സീതയെ അപഹരിച്ചു എന്നാണ്..ശരിയാണ് രാവണൻ സീതയെ അപഹരിച്ചു പക്ഷെ അതു ശ്രീരാമൻ തന്നെ സൃഷ്ടിച്ച മായാസീതയെയാണെന്നു മാത്രം…ശരിക്കുമുള്ള സീതയെ പഞ്ചവടി ആശ്രമത്തിൽ അഗ്നിയിൽ ഒളിപ്പിച്ചു വെക്കുയാണ് ചെയ്തത് ..ഈ രഹസ്യം ശ്രീരാമചന്ദ്രനും ഭഗവാന്റെ യോഗമായയായ സീതാദേവിക്കുമല്ലാതെ ലക്ഷമണനുപോലും അറിയില്ലായിരുന്നു..പ്രകൃതിക്ക് പുരുഷനിൽ നിന്ന് വേർപെട്ട് ഒരു നിമിഷം പോലും നിൽക്കാനാവില്ലെന്ന സത്യമാണ് ഇതിലൂടെ രാമായണം വെളിപ്പെടുത്തുന്നത്. അതുപോലെ രാവണനെന്ന തിന്മയെ ജയിക്കുന്നതിനായുള്ള ധർമ്മത്തിന്റെ പാതയിലുള്ള കർമ്മപദ്ധതിയായിവേണം രാമായണത്തിനെ കരുതാൻ. രാമായണം സൂക്ഷമമായി പരിശോധിക്കുകയാണെങ്കിൽ കാണാവുന്നത് ശ്രീരാമൻ എന്നുകേൾക്കുമ്പോൾ തന്നെ രാവണന്റെ മനസ്സ് ഭക്തിസാന്ദ്രമാവുകന്നതും രാമനിലെ ഈശ്വരനെ തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം ആസന്നമായ തന്റെ അന്ത്യവും ശ്രീരാമപാദം പ്രാപിക്കാനുള്ള മാർഗ്ഗവും മനസ്സിലാക്കുന്നതും ഏവരേയും അത്ഭുതപ്പെടുത്തും…നേരായ മാർഗ്ഗത്തിലൂടെ തനിക്ക് മോക്ഷപ്രാപ്തി ലഭിക്കുകയില്ലെന്ന് ബോധ്യമായ രാവണൻ തന്റെ ജന്മോദ്ദ്യേശ്യം *വിരോധഭക്തിയിലൂടെ* മാത്രമെ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുന്നു..സത്യം പറഞ്ഞാൽ രാമായണം അവിടെ വച്ചു തന്നെ പൂർണ്ണമായിക്കഴിഞ്ഞു.. എങ്കിലും അങ്ങനെ ഒരൊറ്റ വാചകത്തിലൂടെയോ സംക്ഷിപ്തത്തിലൂടെയോ അത് പറഞ്ഞാൽ അജ്ഞാനികളായിട്ടുള്ള സാധാരണ ഭൌതികസമൂഹത്തിൽ അതു സ്വീകരിക്കാനിടയില്ല.അതിനാൽ തുടർ കഥാസന്ദർഭങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും രാമായണം മുന്നോട്ട് പോവുന്നു. രാവണ – മാരീച സംവാദം, രാവണ-കുംഭകർണ്ണ സംവാദം, കുംഭകർണ്ണ-വിഭീഷണ സംവാദം ഇതൊക്കെ ശരിക്ക് പരിശോധിക്കുകയാണെങ്കിൽ വിമർശകരുടെ സംശയങ്ങളൊക്കെ തീർച്ചയായും നീങ്ങിക്കിട്ടും..
ഇതിനെല്ലാം പുറമെ ഒരു മഹാകാവ്യം എന്ന നിലയ്ക്ക് മാറ്റ് കൂട്ടുന്നതരത്തിലാണ് അക്ഷര വിന്യാസം മുതൽ കഥാസന്ദർഭങ്ങളും ,കഥാപാത്രങ്ങളും വരെ….അതിൽ ശ്രീരാമന്റെ ഗുണഗണങ്ങളും കഥാപാത്രത്തിന്റെ ആഴവും പരപ്പും വാക്കുകൾക്ക് അതീതമാണ്. സീതാദേവിയുടെപതിഭക്തി, ലക്ഷമണന്റെ ആത്മസമർപ്പണം,ഭരതന്റെയും, ശത്രുഘ്നന്റെയും തീവ്രമായ സഹോദരസ്നേഹവും ഭക്തിയും, ഭക്തഹനുമാന്റെ അഖില ലോക പ്രശസ്തമായ സ്വാമിഭക്തി,തുടങ്ങി സുഗ്രീവാദികൾ,വിഭീഷണൻ, ഗുഹൻ,വസിഷ്ഠ്ൻ എന്ന് വേണ്ട രാമായണത്തിലെ ഓരോ കഥാപാത്രവും അത് നന്മയുടെ രൂപമായിക്കോട്ടെ..തിന്മയുടെരൂപമായിക്കോട്ടെ..തികഞ്ഞപാരസ്പര്യത്തോടെ,പരസ്പരപൂരകമായി പ്രോജ്ജ്വലിക്കുന്നു. രാമായണം കർക്കടക മാസത്തിൽ മാത്രം വായിക്കുന്ന ഗ്രന്ഥമാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് തെറ്റാണ് .രാമായണം നിത്യ പാരായണ ഗ്രന്ഥമാണ് . ഒപ്പം തന്നെ നിരന്തരം ഗഹനമായ പഠനത്തിനുവിധേയമാകേണ്ട മഹദ് ദർശനവുമാകുന്നു.
ബന്ധങ്ങളും മനുഷ്യത്വവും ആത്മീയതയുമൊക്കെ കച്ചവടവത്ക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ സ്നേഹം, ത്യാഗം തുടങ്ങി നന്മയുടെ എല്ലാ അംശവും ചോർന്ന് സർവോപരി മാലിന്യ പൂരിതമായിരിക്കുന്ന മനുഷ്യ മനസ്സുകളിൽ… മാലിന്യവും,ദുർഗ്ഗന്ധവും, അജ്ഞാനവും ഒക്കെ കഴുകിക്കളഞ്ഞ് അവിടെ ത്യാഗമെന്ന,സ്നേഹമെന്ന ,നന്മയെന്ന ഈശ്വരസ്വരൂപത്തെ നിറയ്ക്കുവാൻ ഈ മഹൽഗ്രന്ഥത്തിന് തീർച്ചയായും സാധിക്കും. യഥാർത്ഥ മതാതീത ആത്മീയതയുടെ കെടാവിളക്കായ് ഭക്തഹൃദയങ്ങളിൽ ആചന്ദ്രതാരം രാമായണം നിറഞ്ഞുനിൽക്കുമാറാകട്ടെ…..

അനുബന്ധം :- രാമായണമെന്ന ഇതിഹാസത്തിന്റെ മാഹാത്മ്യം മേലെഴുതിയ തുച്ഛ്മായ വാക്യങ്ങളിലോ വാചകങ്ങളിലോ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.പ്രപഞ്ചം നിറഞ്ഞുകവിയുന്ന ദർശനമാണ് . ഭക്തിയെന്ന വീക്ഷണതലത്തിൽ മാത്രമല്ലാതെ അനേകം വീക്ഷണതലങ്ങളിലൂടെ അത് നമുക്ക് നൽകുന്ന മാനം (dimension) അമ്പരപ്പിക്കുന്നതാണ്. സർവോപരി യഥാർത്ഥ മാനവികതയുടെ സന്ദേശം ലളിതമായ ഭാഷയിൽ മനുഷ്യഹൃദയങ്ങളിലേക്ക് പകർന്നുതരികയാണ് രാമായണം ചെയ്യുന്നത്.
മേലെഴുതിയ വാക്യങ്ങൾക്കോ, വാചകങ്ങൾക്കോ, ആശയങ്ങൾക്കോ തെറ്റോ, പിഴവോ സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു ബഹുമതസമൂഹത്തിൽ രാമായണതത്ത്വമെന്ന നന്മ എത്തിക്കുക എന്ന എളിയ ഉദ്യമത്തിനാകയാൽ ഉദ്ദ്യേശശുദ്ധിയെ കരുതി സാഹസങ്ങൾ സദയം ക്ഷമിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിച്ചുകൊള്ളുന്നു…..

*വിരോധഭക്തി – വിരോധത്തിലൂടെ ഈശ്വരനെ നിരന്തരം സ്മരിക്കുകയും അതിലൂടെ ഈശ്വരസാക്ഷാൽക്കരവും ,മോക്ഷവും പ്രാപിക്കുന്ന രീതി.

Monday, July 19, 2010

ധന്യമീ…… രാമായണമാസം……( ഭാഗം.2)

രാമായണത്തിന്റെ മധുരമെന്നത് ഭക്തിരസപ്രധാനമായ ആത്മീയതയാണ്. എന്താണ് ആത്മീയതയിലൂടെ രാമായണം ഉദ്ഘോഷിക്കുന്നത്..? നിന്നിലും എന്നിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ചൈതന്യം ഒന്നുതന്നെയാണ് എന്നാണ്… അതാണ് ഈശ്വരൻ. അത് ഏകവും അദ്വൈതവുമാണ്. ലളിതസുന്ദരമായ ഈ രാമായണതത്ത്വം ബാഹ്യാരാധനാ സമ്പ്രദായത്തിൽ മാത്രം അമിതമായി ഊന്നൽ നൽകുന്ന സമകാലിക വിശ്വാസിസമൂഹത്തിന് ഒരു പക്ഷെ ഇനിയും വേണ്ടത്ര ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം ബാക്കി നിൽക്കുന്നു. സകല ചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഈശ്വരനെന്ന പ്രകാശത്തെ….പ്രതിഭാസത്തെ…. ദർശിയ്ക്കാൻ കളങ്കമില്ലാത്ത ..ശുദ്ധമായ ഹൃദയം ഒന്നു മാത്രം മതി. കാമ,ക്രോധ,ലോഭ,മദ,മാത്സര്യാദി ആസക്തികൾ വെടിഞ്ഞ് ഭൌതീകതയുടെ..മായികവലയം ഭേദിച്ചാൽ തീർച്ചയായും അതിനു സാധിക്കും. എന്നാൽ അത് ഈയുള്ളവൻ കൂടിയുൾപ്പെടുന്ന സാധാരണ മനുഷ്യർക്ക് അത്ര എളുപ്പമല്ല.. അത്തരക്കാർക്ക് രാമായണം വഴിയും വെളിച്ചവും ആയി മാറുന്നു. അത്തരം ആസക്തികളെ രാമായണത്തിലുടനീളം നിസ്സാരവല്ക്കരിച്ചും ഉപേക്ഷിച്ചും ത്യജിച്ചും ശ്രീരാമൻ നമുക്ക്മുൻപിൽ ജീവിച്ചുകാണിച്ചുകൊണ്ട് സ്വയം ഉദാത്തമായ ഒരു ഉദാഹരണമായി മാറുകയാണ് ചെയ്യുന്നത്.പ്രലോഭനങ്ങൾ അവ എത്തരത്തിലായാലും തികഞ്ഞ നിസ്സംഗതയോടെ നിസ്സ്വർത്ഥമായി എങ്ങിനെ എതിരിടണമെന്ന് രാമൻ ആധുനിക കാലഘട്ടത്തിന് കാണിച്ചുതരുന്നു.

ഭക്തിയെന്നത് അഭിനയമല്ല അനുഭവമാണ്…ഹിന്ദു ഭക്തിയെന്നോ ക്രിസ്ത്യൻ ഭക്തിയെന്നോ മുസ്ലിം ഭക്തിയെന്നോ അതിനെ വേർതിരിച്ച് കാണാനാവില്ല. ഭക്തിക്ക് ജാതി മത ഭേദമില്ല…വ്യത്യസ്തമായ കൈ വഴികളിലൂടെ ഒഴുകി അത് ഈശ്വരൻ എന്ന മഹാസമുദ്രത്തിൽ ചെന്ന് ലയിക്കുന്നു. ഭക്തിയെന്നത് ഈശ്വരനോടുള്ള ശുദ്ധവും നിസ്വാർത്ഥവുമായ സ്നേഹമാണ്. സ്നേഹം പലതരത്തിൽ പ്രകടിപ്പിക്കുന്നതുപോലെ ഭക്തിയും പലതരത്തിൽ പ്രകടിപ്പിക്കുന്നു. ഭക്തി വിശ്വാസിക്ക് മാത്രമാണെന്ന് കരുതുന്നത് അബദ്ധമാണെന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം. അവിശ്വാസികൾ, നിരീശ്വരവാദികൾ..യുക്തിവാദികൾ..തുടങ്ങിയവരും ഭക്തരാണ്..അവർ സമ്മതിച്ച്തരില്ലെങ്കിലും.. നന്മ,സ്നേഹം,ദയ, മനുഷ്യത്വം,ആത്മാർത്ഥത, സ്വന്തം ധർമ്മത്തിലുള്ള അടിയുറച്ച വിശ്വാസം(അത് നിരീശ്വരവാദമോ,യുക്തിവാദമോ ആയാൽ പോലും) ഇവയെല്ലാം ഈശ്വരന്റെ വിവിധ രൂപങ്ങളെങ്കിൽ വിശ്വാസികൾ എന്ന് ജാട കാണിച്ച് മനുഷ്യത്വത്തിന്റെ കണിക ലവലേശം പോലും കാണിക്കത്തവരെക്കാളും എത്രയോ ഉയരത്തിലാണ് അവരുടെ സ്ഥാനം. രാവണൻ, കുംഭകർണ്ണൻ, മാരീചൻ തുടങ്ങി രാമായണത്തിലെ ദുഷ്ട കഥാപാത്രങ്ങളെല്ലാം തന്നെ ഇത്തരത്തിൽ വിരോധഭക്തിയിലൂടെ ഭഗവാൻ ശ്രീരാമചന്ദ്രനത്തന്നെ പ്രാപിച്ച് ജീവൽമുക്തി നേടുകയാണ് ചെയ്യുന്നത്.

പരിഷ്കൃതസമൂഹമെന്ന് നമ്മൾ അവകാശപ്പെടുമ്പോഴും കാപട്യങ്ങൾക്കോ,നാട്യങ്ങൾക്കോ ഒരു കുറവും ഇപ്പോഴും സംഭവിച്ചിട്ടില്ല. അതു ഏറ്റവും പ്രകടമായിക്കാണുന്നത് ആത്മീയതയിലും..ഞാനൊരു ഭക്തയാണ്/ഭക്തനാണ് എന്ന് വീമ്പുപറഞ്ഞ് ക്ഷണികമായ ഭൌതിക നേട്ടങ്ങൾക്കും ,ആഗ്രഹങ്ങൾക്കും പുറകെ പരക്കം പായുന്നവർ. ശത്രു സംഹാരത്തിനും, ധന ആകർഷണത്തിനും തുടങ്ങി സകല അന്ധവിശ്വാസങ്ങൾക്കും പിന്നാലെ പോയി ഒടുവിൽ ധനവും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്നവർ. ഒടുവിൽ തനിക്ക് പ്രിയപ്പെട്ടതു നഷ്ടപ്പെടുമ്പോൾ ,ആഗ്രഹപൂർത്തീകരണം നടക്കാതെ വരുമ്പോൾ ഒക്കെ ഈശ്വരനെ മാറ്റുന്നവർ, തള്ളിപ്പറയുന്നവർ, ഉപേക്ഷിക്കുന്നവർ ഇവർക്കാർക്കും രാമായണതത്ത്വം ദഹിച്ചുകൊള്ളണമെന്നില്ല. ജീവിതവും സുഖഭോഗങ്ങളും ക്ഷണികവും നശ്വരവുമാണെന്ന് മനസ്സിലാക്കാൻ തീർത്ഥയാത്രയ്ക്കായ് ദൂരസ്ഥലങ്ങളിലേക്കൊന്നും പോവേണ്ടതില്ല…മെഡിക്കൽ കോളേജിലെ പാവങ്ങളുടെ വാർഡിലോ ,കാൻസർ വാർഡിലോ ഒരു തവണ പോയാൽ മതിയാവും……ഇവിടെയാണ് രാമായണതത്ത്വങ്ങൾ ഒരേ സമയം സത്യവും സാന്ത്വനവും ആയി മാറുന്നത്……..
(തുടരും….)

Saturday, July 17, 2010

ധന്യമീ…… രാമായണമാസം……( ഭാഗം.1)


ഇന്ന് രാമായണമാസാരംഭം…. മനുഷ്യനുൾപ്പെടെയുള്ള സർവചരാചരങ്ങളെയും..സത്യത്തിന്റെയും,ധർമ്മത്തിന്റെയും, നന്മയുടെയും നേർവഴിയിലൂടെ കൈ പിടിച്ചുയർത്തുവാൻ ഒരു മനുഷ്യായുസ്സ് മുഴുവൻ ത്യാഗസമ്പൂർണ്ണമായ ജീവിതം നയിച്ച മര്യാദാപുരുഷോത്തമൻ ശ്രീരാമചന്ദ്രന്റെ ഭക്തി നിർഭരവും പാവനവുമായ സ്മരണകൾ നിറഞ്ഞ് നിൽക്കുന്ന പുണ്യമാസം…….
ആദികവിയെന്ന് ഭാരതീയ സമൂഹത്തിൽ പുരാതന കാലം മുതൽക്കേ..സർവാത്മനാ ആദരിച്ചുപോരുന്ന ശ്രീ വാല്മീകി മഹർഷിയുടെ രാമായണകഥാമൃതം പിന്നീട് പലഭാഷയിൽ,
പല രൂപങ്ങളിൽ പല മഹാപണ്ഡിതന്മാരും, ഭക്തോത്തമന്മാരും അനേകകോടി ഭക്തഹൃദയങ്ങളിലേയ്ക്ക് പകർന്നിട്ടുണ്ട്….രൂപ,ഭാവ,ഭേദങ്ങൾ സംഭവിക്കുമ്പോളും അതിൽ അന്തർലീനമായിട്ടുള്ള ഭക്തിരസം തരിമ്പും ചോരാതിരിയ്ക്കുന്നത് ആദികാവ്യത്തിന്റെ പുതുമ വർധിപ്പിക്കുകയെ ചെയ്തിട്ടുള്ളൂ…..ഒടുവിൽ അതു നമ്മുടെ ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛ്നിൽ വന്നു നിൽക്കുമ്പോൾ രാമായണകഥാമൃതത്തിന് ഇരട്ടിമധുരവും, മലയാണ്മയുടെ സൌഭാഗ്യവും ആയിമാറുന്നു.
രാമായണം കേവലം ഒരു മതഗ്രന്ഥമല്ല…..ശ്രീരാമൻ കേവലം ഒരു മനുഷ്യനുമല്ല…മറിച്ച് രാമനും രാമായണവും സ്വയം ഒരു ജീവിതസംഹിതയായി മാറുകയാണ്… ജനനം മുതൽ മരണം വരെയുള്ള മനുഷ്യജീവിതത്തിലെ പരിണാമഘട്ടങ്ങളിലോരോന്നിലും അവശ്യം അനുഷ്ടിക്കേണ്ട ധർമ്മസംഹിത…ക്ഷണികവും ഭൌതികവുമായ ബിംബങ്ങളിൽപ്പോലും യഥാർത്ഥ ആത്മീയതയുടെ ഇരിപ്പിടം കാണിച്ചു തരുന്ന ഒരു മഹാഗുരുവായി മാറുകയാണ് രാമായണം…..ശ്രീരാമന്റെ ജീവിതാരംഭം മുതൽത്തന്നെ ശ്രദ്ധയോടെ വീക്ഷിക്കുകയാണെങ്കിൽ നമ്മുടെ അത്ഭുതത്തിന്നവസാനമുണ്ടാകില്ല…..ഒരു വ്യക്തി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ സൌശീല്യം ,ബുദ്ധിസാമർഥ്യം, ധൈര്യം, ആത്മാർത്ഥത, ദയ, സ്നേഹം, കർത്തവ്യബോധം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഗുണവിശേഷങ്ങളുടെ പൂർണ്ണരൂപം നമുക്ക് ദർശിക്കാൻ സാധിക്കും…ഒരു പുത്രൻ എന്ന നിലയ്ക്ക് മാതാപിതാക്കളോടുള്ള സ്നേഹവും അനുസരണാശീലവും…സഹോദരന്മാരോടുള്ള അതിയായ വാത്സല്യം…പതി എന്ന നിലയ്ക്ക് പത്നിയോടുള്ള ധർമ്മനിഷ്ഠയും സ്നേഹവും…..ഭരണകർത്താവെന്ന നിലയ്ക്ക് രാജ്യത്തോടുള്ള ആത്മാർത്ഥതയും കർത്തവ്യബോധവും..ആശ്രിതരോടും ഭക്തരോടും അളവറ്റ കാരുണ്യവും വാത്സല്യവും…ശത്രുക്കളോടുപോലുമുള്ള ആദരവും ബഹുമാനവും….തുടങ്ങി അത് എത്തിനിൽക്കുന്നത്..ത്യാഗത്തിലാണ്…ത്യാഗസമ്പൂർണ്ണതയാണ് അദ്ദേഹത്തിന്റെ ജീവിതം മഹത്ത്വവൽക്കരിക്കുന്നത്..ത്യാഗത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്ന ജീവിതവിജയം കേവലം ബാഹ്യമായ ഭൌതികവിഷയങ്ങളിലുള്ള നേട്ടമല്ല മറിച്ച് ആന്തരീകമായ ആത്മീയവിജയമാണ്..ആത്മസാക്ഷാൽക്കാരമാണ്….അങ്ങനെ ശ്രീരാമൻ സർവ്വദാ മര്യാദാപുരുഷോത്തമനായി ഈ ജഗത്തിൽ വിളങ്ങിനിൽക്കുന്നു………….(തുടരും….)

Thursday, July 15, 2010

കവി




പ്രണയം…
ഹൃദയം പിളർന്നാലും..രുധിരമൊഴുകിയാലും..
അത് വെറും കൺകെട്ട്…….

ഹൃദയം……..
തകർന്നാലും..,മുറിഞ്ഞാലും..
തുരുമ്പിന്റെ വിലപോലും ഇല്ലാത്ത പാഴ്വസ്തു….

സ്വപ്നം……..
തല്ലിത്തകർക്കാൻ കണ്ണാടിപ്പാത്രങ്ങളേക്കാൾ…
സുന്ദരം….

ജീവിതം…….
നഷ്ടങ്ങളെയും..,സ്വപ്നങ്ങളെയും…എണ്ണിതിട്ടപ്പെടുത്തി…
യാഥാർഥ്യങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം…….

കവി…………
ഈശ്വരന്റെ….നിരാശാമൂർത്തിമദ്ഭാവം…..
നൊമ്പരങ്ങളുടെ ചവറ്റുകുട്ട……
മരണത്തിന്റെ നിതാന്ത കാമുകൻ…..
ഇവിടെ…ഒരു കവിതയിൽ …
അവന്റെ ആത്മഹത്യ പൂർണ്ണമാവുന്നു…..

Monday, July 12, 2010

ഹരി: ശ്രീ ഗണപതയെ നമ:

ഞാനെന്റെ ബ്ലോഗായനം തുടങ്ങുന്നു……….
ഭൂമിതൻ പല കോണിൽ നിന്നെഴും ജീവിതശ്ലോകങ്ങൾ……
ഉയിരിന്റെ മണമുള്ള അക്ഷരക്കൂട്ടങ്ങൾ………
ഫലിതബിന്ദുക്കൾ, വീണ്ടും തളിർക്കുന്ന വിഫലസ്വപ്നങ്ങൾ…….
ഒക്കെവേ കണ്ടും …, അറിഞ്ഞും…., അനുഭവിച്ചും……..
പലതുള്ളിപ്പെരുവെള്ളമായ് പരന്നൊഴുകുമീ………….
ജാലക*പ്പഴുതിലൂടൊരു തുള്ളിയായ് ഞാനുമലിഞ്ഞിടട്ടെ……….


*വിൻഡോസ്
*സർവരാജ്യ ബ്ലോഗന്മാർക്കും ബ്ലോഗികൾക്കും എന്റെ വിനീതനമസ്കാരം