Thursday, June 2, 2011

പഴനി യാത്രാ വിശേഷങ്ങൾ……


ഇത് കവിതയല്ല ….ചില നേർക്കാഴ്ചകൾ മാത്രം…




തുടക്കം……..
കിഴക്ക്... മല…
മഞ്ഞിൻ പുതപ്പ് വലിച്ചുകീറി….
ഉദിച്ചു വരുന്ന ചുവന്ന സൂര്യൻ…..
കറുത്ത റോഡിൻ ഞരമ്പിലൂടെ….
കുതിച്ച്പായുന്ന ബസ്സിൽ
തനിച്ച് ഞാൻ…

ബസ്സിൽ……
മണക്കുന്നു മുല്ല….
ചിരിക്കുന്നു….തല നിറയെ പൂത്ത…
കനകാമ്പരച്ചെടികൾ…..
ഒരു വശം മരിച്ച മണ്ണ്…
മറുവശം…കടുത്ത തെങ്ങിൻ പച്ച….
വരണ്ട പാണ്ടിക്കാറ്റിൽ മുടിയഴിച്ചാടുന്ന…
വെളുത്ത കാറ്റാടിപ്പാടങ്ങൾ……
എങ്കിലും…മടുക്കുന്നില്ല……
ഈ കുടുസ്സു ജാലകക്കാഴ്ച്ച….

അടിവാരം…….
തിരക്കിൽ കുളിച്ച തെരുവോരങ്ങൾ…
ഭക്തിയുടെ മൊത്ത-ചില്ലറ വ്യാപാരകേന്ദ്രങ്ങൾ……..
ധൃതിയിൽ നടന്നകലുന്ന .തെരുവുസർക്കസ്സുകാർ……..
കുഞ്ഞുമേനിയിൽ വേദനകൊണ്ട് പുളയുന്ന ചാട്ട..!!!?
ഡോലക്കിൽ അമ്മയുടെ കരച്ചിൽ……

മുണ്ഡനം………
വെളുത്ത ടോക്കണെ നെടുകെ മുറിച്ച്….
ക്ഷൌരക്കത്തി ചലിച്ചു………
കറുത്തമുടി കുത്തഴിഞ്ഞ് നിലത്തേക്ക് കുതിച്ചു….
അനന്തരം….സ്നാനം…….
തീർത്ഥം ശിരസ്സിൽ വീണ്……
പലവഴി ചിതറി……
പുറത്തെ ചെളിമുഴുവൻ കഴുകിക്കളഞ്ഞു…..
അകത്തെ ചെളികളയാൻ ഞാനെന്തുചെയ്യും……..?

മലയിലേക്ക്………
പലവഴികൾ….
ഒരു ലക്ഷ്യം……
മലർന്ന് കിടന്ന് വെയിൽ കായുന്ന.
കരിങ്കൽ പാത്തികളെ ഉണർത്താതെ…
മെല്ലെ ചവിട്ടി…
ഉയരത്തിലേക്ക്……..

മുരുകൻ…..
ഇരുളിലെ വെളിച്ചം…..
ഭുജിച്ചാലും..ഭുജിച്ചാലും..മതിവരാത്ത…
ഉരിച്ചു വെച്ച ജ്ഞാനപ്പഴം…..

വിശ്രമം……
ഏതോ പൂർവ്വജന്മപുണ്യം…..
മുണ്ഡനം…ചെയ്ത ശിരസ്സിൽ …
കുളിർമ്മയായ്…ചന്ദനമഞ്ഞ……
നാവിൽ മധുരമായ് പഞ്ചാമൃതം…

മടക്കം…..
ഇലയില്ലാമരങ്ങൾ നിറയെ..കണിക്കൊന്നപ്പൂവുകൾ
കടുത്ത വേനലിൻ കവിളത്തൊരുമ്മയായ്….
നനുത്ത മഴത്തുള്ളി……..

ഉപസംഹാരം………
ഇവിടെ തീരുന്നു….
പഴനി യാത്രാവിശേഷങ്ങൾ….
വഴിയോരക്കാഴ്ച്ചകൾ……
ഇനിയും വരാം…….
ക്ഷുരകന്റെ കത്തി വീണ്ടും വിളിക്കുമ്പോൾ……..


Thursday, September 23, 2010

നിനവുകൾ.. മുറിവുകൾ

                                    നിറഞ്ഞ കണ്ണുകൾ……
                                    മുറിഞ്ഞ വാക്കുകൾ……
                                    മനസ്സിലോർമ്മയായ്…..
                                    പിരിഞ്ഞ കൈവഴി……


                                    ഒരിക്കൽ നീ തന്ന….
                                    കൊടിയ ചുംബനം…..
                                    പനിച്ചു പൊള്ളുന്നൂ….
                                    ഈ തണുത്ത രാവിലും…..


                                    മരിച്ചുപോവിലും……
                                   ചിതയിൽ നീറുമാ……
                                   കറുത്ത ചുംബനം……
                                   തിരിച്ചെടുക്കുക………….




                                                    കടപ്പാട്: ശ്രീനാഥൻ സാർ

Monday, August 23, 2010

ഓണാശംസകൾ……

സ്വല്പം ….വൈകിപ്പോയെന്നറിയാം….
സദ്യയുടെ തിരക്കിലായിരുന്നു…….
എന്റെ എല്ലാ ബ്ലോഗ് സുഹൃത്തുക്കൾക്കും…
ഹൃദയം നിറഞ്ഞ ഓണാശംസകൾ……

Sunday, August 8, 2010

കറുപ്പ് + വെളുപ്പ് = നിറങ്ങൾ

കറുത്ത കട്ടി സ്ലേറ്റിൽ..
മുറിഞ്ഞ പെൻസിൽ കൊണ്ടൊരു…വെളുത്ത മാങ്ങ…
അതിനടുത്തൊരു ചരടില്ലാപട്ടം…
പിന്നെ ആന, മയിൽ, പൂവ്, മനുഷ്യൻ…..
ചെറുതും വലുതുമായ് ….മഷിത്തണ്ടിൽ മാഞ്ഞ്…
വീണ്ടും തെളിയുന്ന നനുത്ത നക്ഷത്രക്കൂട്ടങ്ങൾ..
പൊട്ടിച്ചിരിപോലെ…ചിതറുന്ന അക്ഷരമാലകൾ…
എല്ലാം വെളുത്തവ…, മനസ്സുപോലെ…
നിറമില്ലാതെ തന്നെ..മനസ്സിൽ നിറയും നിറങ്ങൾ…
മായ്ച്ചും വരച്ചും…വരച്ചും മായ്ച്ചും….
മനസ്സിൽനിന്നൊരിക്കലും മായാതെ നിൽക്കുന്നു…
നിറപ്പകിട്ടോടെയാ നിശ്ശബ്ദ ചിത്രങ്ങൾ….

എവിടെപ്പോയെന്റെ…സ്വർഗ്ഗീയബാല്യമേ…......
ജീവിതത്തിൻ ഇടവഴിയിൽ…പകച്ചു ഞാൻ നിൽപ്പൂ……..
നിറങ്ങളില്ലാതെ…….

Tuesday, August 3, 2010

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും………..

സംശ്ശ്യ്യ്യ്…ന്താ….
ക്ഷീരംതന്നെ ക്ടാവിന്ന് കൌതുകം……

Monday, July 26, 2010

ഇരുളും വെളിവുമില്ലാതെയുഴറി നടന്നപ്പോൾ…
ഞാനറിഞ്ഞില്ലതു പ്രണയമായിരുന്നെന്ന്….
വഴികൾ പിരിയുന്നിടം കൈവീശി നീ … മറുവശം നടന്നപ്പോഴാണ്
ഞാനറിഞ്ഞത് നീയെന്നെപ്പിരിയുകയാണെന്ന്…
നിറഞ്ഞ ജീവിതം നിനക്ക്….
മുറിഞ്ഞമനസ്സ്.എനിക്ക്…..

Thursday, July 22, 2010

ധന്യമീ…… രാമായണമാസം……( അവസാന ഭാഗം)

കാരണമില്ലാതെ ഒരു കാര്യവുമുണ്ടാകില്ല എന്ന സത്യമാണ് രാമായണത്തിന്റെ താത്ത്വികമായ അടിസ്ഥാനം. നന്മതിന്മകളുടെ സംഘട്ടനങ്ങൾക്കൊടുവിൽ തിന്മയ്ക്കുമേൽ നന്മയുടെ ആത്യന്തികവിജയം ഉദ്ഘോഷിക്കുമ്പോഴും..നന്മതിന്മകൾ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന സത്യം കൂടി രാമായണം നമുക്ക് മുൻപിൽ തുറന്നുകാട്ടുന്നു. ഒന്നിന്റെ നിലനിൽപ്പ് മറ്റൊന്നിനെ ആശ്രയിച്ചിട്ടാണെന്ന……പരസ്പരാശ്രിതത്വത്തിനെ സാധാരണജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ ലളിതമായാണ് രാമായണത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് ശ്രീരാമപട്ടാഭിഷേകസമയത്ത് മന്ഥര രംഗപ്രവേശം ചെയ്യുന്നതും കൈകേയിയോട് അതു തടയുവാനും ഭരതകുമാരനെ..രാജാവായി വാഴിക്കാൻ ദശരഥമഹാരാജാവിനോട് ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നതും…കൈകേയി മന്ഥരാവാക്യം കേട്ട് ദശരഥനോട് പണ്ട് നൽകാമെന്നേറ്റിരുന്ന രണ്ടു വരം അപ്പോൾ ആവശ്യപ്പെടുന്നതും അതിൻ തുടർച്ചയായി ശ്രീരാമൻ പിതാവിന്റെ വാക്ക്പാലിക്കാനായി സീതയോടും ,ലക്ഷമണനോടും കൂടി വനവാസത്തിനു പുറപ്പെടുന്നതും ആ വനവാസത്തിനിടയ്ക്ക് തന്റെ അവതാരോദ്ദ്യേശ്യങ്ങളോരോന്നായി പൂർത്തീകരിക്കുന്നതും…സീതാദേവി അപഹരിക്കപ്പെടുന്നതും…ഒടുവിലതു ലങ്കാദഹത്തിലും രാവണനിഗ്രഹത്തിൽ കലാശിക്കുന്നതും ഒക്കെ….ഇവിടെ മന്ഥര എന്ന കാരണം അവസാനിക്കുന്നത് അഹങ്കാരത്തിന്റെയും,രാക്ഷസീയതയുടെയും ..സർവോപരി തിന്മയുടെ മൂർത്തിമദ്രൂപമായ രാവണന്റെ അന്ത്യം എന്ന കാര്യത്തിലാണ്.
അതുപോലെ പലർക്കും സംശയമുള്ളത് സീതാപഹരണവുമായി ബന്ധപ്പെട്ടാണ്..രാവണനെപ്പോലെ തന്നെ പലരും ധരിച്ചുവെച്ചിരിക്കുന്നത് രാവണൻ ശരിക്കും സീതയെ അപഹരിച്ചു എന്നാണ്..ശരിയാണ് രാവണൻ സീതയെ അപഹരിച്ചു പക്ഷെ അതു ശ്രീരാമൻ തന്നെ സൃഷ്ടിച്ച മായാസീതയെയാണെന്നു മാത്രം…ശരിക്കുമുള്ള സീതയെ പഞ്ചവടി ആശ്രമത്തിൽ അഗ്നിയിൽ ഒളിപ്പിച്ചു വെക്കുയാണ് ചെയ്തത് ..ഈ രഹസ്യം ശ്രീരാമചന്ദ്രനും ഭഗവാന്റെ യോഗമായയായ സീതാദേവിക്കുമല്ലാതെ ലക്ഷമണനുപോലും അറിയില്ലായിരുന്നു..പ്രകൃതിക്ക് പുരുഷനിൽ നിന്ന് വേർപെട്ട് ഒരു നിമിഷം പോലും നിൽക്കാനാവില്ലെന്ന സത്യമാണ് ഇതിലൂടെ രാമായണം വെളിപ്പെടുത്തുന്നത്. അതുപോലെ രാവണനെന്ന തിന്മയെ ജയിക്കുന്നതിനായുള്ള ധർമ്മത്തിന്റെ പാതയിലുള്ള കർമ്മപദ്ധതിയായിവേണം രാമായണത്തിനെ കരുതാൻ. രാമായണം സൂക്ഷമമായി പരിശോധിക്കുകയാണെങ്കിൽ കാണാവുന്നത് ശ്രീരാമൻ എന്നുകേൾക്കുമ്പോൾ തന്നെ രാവണന്റെ മനസ്സ് ഭക്തിസാന്ദ്രമാവുകന്നതും രാമനിലെ ഈശ്വരനെ തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം ആസന്നമായ തന്റെ അന്ത്യവും ശ്രീരാമപാദം പ്രാപിക്കാനുള്ള മാർഗ്ഗവും മനസ്സിലാക്കുന്നതും ഏവരേയും അത്ഭുതപ്പെടുത്തും…നേരായ മാർഗ്ഗത്തിലൂടെ തനിക്ക് മോക്ഷപ്രാപ്തി ലഭിക്കുകയില്ലെന്ന് ബോധ്യമായ രാവണൻ തന്റെ ജന്മോദ്ദ്യേശ്യം *വിരോധഭക്തിയിലൂടെ* മാത്രമെ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുന്നു..സത്യം പറഞ്ഞാൽ രാമായണം അവിടെ വച്ചു തന്നെ പൂർണ്ണമായിക്കഴിഞ്ഞു.. എങ്കിലും അങ്ങനെ ഒരൊറ്റ വാചകത്തിലൂടെയോ സംക്ഷിപ്തത്തിലൂടെയോ അത് പറഞ്ഞാൽ അജ്ഞാനികളായിട്ടുള്ള സാധാരണ ഭൌതികസമൂഹത്തിൽ അതു സ്വീകരിക്കാനിടയില്ല.അതിനാൽ തുടർ കഥാസന്ദർഭങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും രാമായണം മുന്നോട്ട് പോവുന്നു. രാവണ – മാരീച സംവാദം, രാവണ-കുംഭകർണ്ണ സംവാദം, കുംഭകർണ്ണ-വിഭീഷണ സംവാദം ഇതൊക്കെ ശരിക്ക് പരിശോധിക്കുകയാണെങ്കിൽ വിമർശകരുടെ സംശയങ്ങളൊക്കെ തീർച്ചയായും നീങ്ങിക്കിട്ടും..
ഇതിനെല്ലാം പുറമെ ഒരു മഹാകാവ്യം എന്ന നിലയ്ക്ക് മാറ്റ് കൂട്ടുന്നതരത്തിലാണ് അക്ഷര വിന്യാസം മുതൽ കഥാസന്ദർഭങ്ങളും ,കഥാപാത്രങ്ങളും വരെ….അതിൽ ശ്രീരാമന്റെ ഗുണഗണങ്ങളും കഥാപാത്രത്തിന്റെ ആഴവും പരപ്പും വാക്കുകൾക്ക് അതീതമാണ്. സീതാദേവിയുടെപതിഭക്തി, ലക്ഷമണന്റെ ആത്മസമർപ്പണം,ഭരതന്റെയും, ശത്രുഘ്നന്റെയും തീവ്രമായ സഹോദരസ്നേഹവും ഭക്തിയും, ഭക്തഹനുമാന്റെ അഖില ലോക പ്രശസ്തമായ സ്വാമിഭക്തി,തുടങ്ങി സുഗ്രീവാദികൾ,വിഭീഷണൻ, ഗുഹൻ,വസിഷ്ഠ്ൻ എന്ന് വേണ്ട രാമായണത്തിലെ ഓരോ കഥാപാത്രവും അത് നന്മയുടെ രൂപമായിക്കോട്ടെ..തിന്മയുടെരൂപമായിക്കോട്ടെ..തികഞ്ഞപാരസ്പര്യത്തോടെ,പരസ്പരപൂരകമായി പ്രോജ്ജ്വലിക്കുന്നു. രാമായണം കർക്കടക മാസത്തിൽ മാത്രം വായിക്കുന്ന ഗ്രന്ഥമാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് തെറ്റാണ് .രാമായണം നിത്യ പാരായണ ഗ്രന്ഥമാണ് . ഒപ്പം തന്നെ നിരന്തരം ഗഹനമായ പഠനത്തിനുവിധേയമാകേണ്ട മഹദ് ദർശനവുമാകുന്നു.
ബന്ധങ്ങളും മനുഷ്യത്വവും ആത്മീയതയുമൊക്കെ കച്ചവടവത്ക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ സ്നേഹം, ത്യാഗം തുടങ്ങി നന്മയുടെ എല്ലാ അംശവും ചോർന്ന് സർവോപരി മാലിന്യ പൂരിതമായിരിക്കുന്ന മനുഷ്യ മനസ്സുകളിൽ… മാലിന്യവും,ദുർഗ്ഗന്ധവും, അജ്ഞാനവും ഒക്കെ കഴുകിക്കളഞ്ഞ് അവിടെ ത്യാഗമെന്ന,സ്നേഹമെന്ന ,നന്മയെന്ന ഈശ്വരസ്വരൂപത്തെ നിറയ്ക്കുവാൻ ഈ മഹൽഗ്രന്ഥത്തിന് തീർച്ചയായും സാധിക്കും. യഥാർത്ഥ മതാതീത ആത്മീയതയുടെ കെടാവിളക്കായ് ഭക്തഹൃദയങ്ങളിൽ ആചന്ദ്രതാരം രാമായണം നിറഞ്ഞുനിൽക്കുമാറാകട്ടെ…..

അനുബന്ധം :- രാമായണമെന്ന ഇതിഹാസത്തിന്റെ മാഹാത്മ്യം മേലെഴുതിയ തുച്ഛ്മായ വാക്യങ്ങളിലോ വാചകങ്ങളിലോ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.പ്രപഞ്ചം നിറഞ്ഞുകവിയുന്ന ദർശനമാണ് . ഭക്തിയെന്ന വീക്ഷണതലത്തിൽ മാത്രമല്ലാതെ അനേകം വീക്ഷണതലങ്ങളിലൂടെ അത് നമുക്ക് നൽകുന്ന മാനം (dimension) അമ്പരപ്പിക്കുന്നതാണ്. സർവോപരി യഥാർത്ഥ മാനവികതയുടെ സന്ദേശം ലളിതമായ ഭാഷയിൽ മനുഷ്യഹൃദയങ്ങളിലേക്ക് പകർന്നുതരികയാണ് രാമായണം ചെയ്യുന്നത്.
മേലെഴുതിയ വാക്യങ്ങൾക്കോ, വാചകങ്ങൾക്കോ, ആശയങ്ങൾക്കോ തെറ്റോ, പിഴവോ സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു ബഹുമതസമൂഹത്തിൽ രാമായണതത്ത്വമെന്ന നന്മ എത്തിക്കുക എന്ന എളിയ ഉദ്യമത്തിനാകയാൽ ഉദ്ദ്യേശശുദ്ധിയെ കരുതി സാഹസങ്ങൾ സദയം ക്ഷമിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിച്ചുകൊള്ളുന്നു…..

*വിരോധഭക്തി – വിരോധത്തിലൂടെ ഈശ്വരനെ നിരന്തരം സ്മരിക്കുകയും അതിലൂടെ ഈശ്വരസാക്ഷാൽക്കരവും ,മോക്ഷവും പ്രാപിക്കുന്ന രീതി.