Thursday, July 22, 2010

ധന്യമീ…… രാമായണമാസം……( അവസാന ഭാഗം)

കാരണമില്ലാതെ ഒരു കാര്യവുമുണ്ടാകില്ല എന്ന സത്യമാണ് രാമായണത്തിന്റെ താത്ത്വികമായ അടിസ്ഥാനം. നന്മതിന്മകളുടെ സംഘട്ടനങ്ങൾക്കൊടുവിൽ തിന്മയ്ക്കുമേൽ നന്മയുടെ ആത്യന്തികവിജയം ഉദ്ഘോഷിക്കുമ്പോഴും..നന്മതിന്മകൾ ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന സത്യം കൂടി രാമായണം നമുക്ക് മുൻപിൽ തുറന്നുകാട്ടുന്നു. ഒന്നിന്റെ നിലനിൽപ്പ് മറ്റൊന്നിനെ ആശ്രയിച്ചിട്ടാണെന്ന……പരസ്പരാശ്രിതത്വത്തിനെ സാധാരണജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ ലളിതമായാണ് രാമായണത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെയാണ് ശ്രീരാമപട്ടാഭിഷേകസമയത്ത് മന്ഥര രംഗപ്രവേശം ചെയ്യുന്നതും കൈകേയിയോട് അതു തടയുവാനും ഭരതകുമാരനെ..രാജാവായി വാഴിക്കാൻ ദശരഥമഹാരാജാവിനോട് ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നതും…കൈകേയി മന്ഥരാവാക്യം കേട്ട് ദശരഥനോട് പണ്ട് നൽകാമെന്നേറ്റിരുന്ന രണ്ടു വരം അപ്പോൾ ആവശ്യപ്പെടുന്നതും അതിൻ തുടർച്ചയായി ശ്രീരാമൻ പിതാവിന്റെ വാക്ക്പാലിക്കാനായി സീതയോടും ,ലക്ഷമണനോടും കൂടി വനവാസത്തിനു പുറപ്പെടുന്നതും ആ വനവാസത്തിനിടയ്ക്ക് തന്റെ അവതാരോദ്ദ്യേശ്യങ്ങളോരോന്നായി പൂർത്തീകരിക്കുന്നതും…സീതാദേവി അപഹരിക്കപ്പെടുന്നതും…ഒടുവിലതു ലങ്കാദഹത്തിലും രാവണനിഗ്രഹത്തിൽ കലാശിക്കുന്നതും ഒക്കെ….ഇവിടെ മന്ഥര എന്ന കാരണം അവസാനിക്കുന്നത് അഹങ്കാരത്തിന്റെയും,രാക്ഷസീയതയുടെയും ..സർവോപരി തിന്മയുടെ മൂർത്തിമദ്രൂപമായ രാവണന്റെ അന്ത്യം എന്ന കാര്യത്തിലാണ്.
അതുപോലെ പലർക്കും സംശയമുള്ളത് സീതാപഹരണവുമായി ബന്ധപ്പെട്ടാണ്..രാവണനെപ്പോലെ തന്നെ പലരും ധരിച്ചുവെച്ചിരിക്കുന്നത് രാവണൻ ശരിക്കും സീതയെ അപഹരിച്ചു എന്നാണ്..ശരിയാണ് രാവണൻ സീതയെ അപഹരിച്ചു പക്ഷെ അതു ശ്രീരാമൻ തന്നെ സൃഷ്ടിച്ച മായാസീതയെയാണെന്നു മാത്രം…ശരിക്കുമുള്ള സീതയെ പഞ്ചവടി ആശ്രമത്തിൽ അഗ്നിയിൽ ഒളിപ്പിച്ചു വെക്കുയാണ് ചെയ്തത് ..ഈ രഹസ്യം ശ്രീരാമചന്ദ്രനും ഭഗവാന്റെ യോഗമായയായ സീതാദേവിക്കുമല്ലാതെ ലക്ഷമണനുപോലും അറിയില്ലായിരുന്നു..പ്രകൃതിക്ക് പുരുഷനിൽ നിന്ന് വേർപെട്ട് ഒരു നിമിഷം പോലും നിൽക്കാനാവില്ലെന്ന സത്യമാണ് ഇതിലൂടെ രാമായണം വെളിപ്പെടുത്തുന്നത്. അതുപോലെ രാവണനെന്ന തിന്മയെ ജയിക്കുന്നതിനായുള്ള ധർമ്മത്തിന്റെ പാതയിലുള്ള കർമ്മപദ്ധതിയായിവേണം രാമായണത്തിനെ കരുതാൻ. രാമായണം സൂക്ഷമമായി പരിശോധിക്കുകയാണെങ്കിൽ കാണാവുന്നത് ശ്രീരാമൻ എന്നുകേൾക്കുമ്പോൾ തന്നെ രാവണന്റെ മനസ്സ് ഭക്തിസാന്ദ്രമാവുകന്നതും രാമനിലെ ഈശ്വരനെ തിരിച്ചറിയുകയും ചെയ്യുന്നതോടൊപ്പം ആസന്നമായ തന്റെ അന്ത്യവും ശ്രീരാമപാദം പ്രാപിക്കാനുള്ള മാർഗ്ഗവും മനസ്സിലാക്കുന്നതും ഏവരേയും അത്ഭുതപ്പെടുത്തും…നേരായ മാർഗ്ഗത്തിലൂടെ തനിക്ക് മോക്ഷപ്രാപ്തി ലഭിക്കുകയില്ലെന്ന് ബോധ്യമായ രാവണൻ തന്റെ ജന്മോദ്ദ്യേശ്യം *വിരോധഭക്തിയിലൂടെ* മാത്രമെ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുന്നു..സത്യം പറഞ്ഞാൽ രാമായണം അവിടെ വച്ചു തന്നെ പൂർണ്ണമായിക്കഴിഞ്ഞു.. എങ്കിലും അങ്ങനെ ഒരൊറ്റ വാചകത്തിലൂടെയോ സംക്ഷിപ്തത്തിലൂടെയോ അത് പറഞ്ഞാൽ അജ്ഞാനികളായിട്ടുള്ള സാധാരണ ഭൌതികസമൂഹത്തിൽ അതു സ്വീകരിക്കാനിടയില്ല.അതിനാൽ തുടർ കഥാസന്ദർഭങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും രാമായണം മുന്നോട്ട് പോവുന്നു. രാവണ – മാരീച സംവാദം, രാവണ-കുംഭകർണ്ണ സംവാദം, കുംഭകർണ്ണ-വിഭീഷണ സംവാദം ഇതൊക്കെ ശരിക്ക് പരിശോധിക്കുകയാണെങ്കിൽ വിമർശകരുടെ സംശയങ്ങളൊക്കെ തീർച്ചയായും നീങ്ങിക്കിട്ടും..
ഇതിനെല്ലാം പുറമെ ഒരു മഹാകാവ്യം എന്ന നിലയ്ക്ക് മാറ്റ് കൂട്ടുന്നതരത്തിലാണ് അക്ഷര വിന്യാസം മുതൽ കഥാസന്ദർഭങ്ങളും ,കഥാപാത്രങ്ങളും വരെ….അതിൽ ശ്രീരാമന്റെ ഗുണഗണങ്ങളും കഥാപാത്രത്തിന്റെ ആഴവും പരപ്പും വാക്കുകൾക്ക് അതീതമാണ്. സീതാദേവിയുടെപതിഭക്തി, ലക്ഷമണന്റെ ആത്മസമർപ്പണം,ഭരതന്റെയും, ശത്രുഘ്നന്റെയും തീവ്രമായ സഹോദരസ്നേഹവും ഭക്തിയും, ഭക്തഹനുമാന്റെ അഖില ലോക പ്രശസ്തമായ സ്വാമിഭക്തി,തുടങ്ങി സുഗ്രീവാദികൾ,വിഭീഷണൻ, ഗുഹൻ,വസിഷ്ഠ്ൻ എന്ന് വേണ്ട രാമായണത്തിലെ ഓരോ കഥാപാത്രവും അത് നന്മയുടെ രൂപമായിക്കോട്ടെ..തിന്മയുടെരൂപമായിക്കോട്ടെ..തികഞ്ഞപാരസ്പര്യത്തോടെ,പരസ്പരപൂരകമായി പ്രോജ്ജ്വലിക്കുന്നു. രാമായണം കർക്കടക മാസത്തിൽ മാത്രം വായിക്കുന്ന ഗ്രന്ഥമാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് തെറ്റാണ് .രാമായണം നിത്യ പാരായണ ഗ്രന്ഥമാണ് . ഒപ്പം തന്നെ നിരന്തരം ഗഹനമായ പഠനത്തിനുവിധേയമാകേണ്ട മഹദ് ദർശനവുമാകുന്നു.
ബന്ധങ്ങളും മനുഷ്യത്വവും ആത്മീയതയുമൊക്കെ കച്ചവടവത്ക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ സ്നേഹം, ത്യാഗം തുടങ്ങി നന്മയുടെ എല്ലാ അംശവും ചോർന്ന് സർവോപരി മാലിന്യ പൂരിതമായിരിക്കുന്ന മനുഷ്യ മനസ്സുകളിൽ… മാലിന്യവും,ദുർഗ്ഗന്ധവും, അജ്ഞാനവും ഒക്കെ കഴുകിക്കളഞ്ഞ് അവിടെ ത്യാഗമെന്ന,സ്നേഹമെന്ന ,നന്മയെന്ന ഈശ്വരസ്വരൂപത്തെ നിറയ്ക്കുവാൻ ഈ മഹൽഗ്രന്ഥത്തിന് തീർച്ചയായും സാധിക്കും. യഥാർത്ഥ മതാതീത ആത്മീയതയുടെ കെടാവിളക്കായ് ഭക്തഹൃദയങ്ങളിൽ ആചന്ദ്രതാരം രാമായണം നിറഞ്ഞുനിൽക്കുമാറാകട്ടെ…..

അനുബന്ധം :- രാമായണമെന്ന ഇതിഹാസത്തിന്റെ മാഹാത്മ്യം മേലെഴുതിയ തുച്ഛ്മായ വാക്യങ്ങളിലോ വാചകങ്ങളിലോ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല.പ്രപഞ്ചം നിറഞ്ഞുകവിയുന്ന ദർശനമാണ് . ഭക്തിയെന്ന വീക്ഷണതലത്തിൽ മാത്രമല്ലാതെ അനേകം വീക്ഷണതലങ്ങളിലൂടെ അത് നമുക്ക് നൽകുന്ന മാനം (dimension) അമ്പരപ്പിക്കുന്നതാണ്. സർവോപരി യഥാർത്ഥ മാനവികതയുടെ സന്ദേശം ലളിതമായ ഭാഷയിൽ മനുഷ്യഹൃദയങ്ങളിലേക്ക് പകർന്നുതരികയാണ് രാമായണം ചെയ്യുന്നത്.
മേലെഴുതിയ വാക്യങ്ങൾക്കോ, വാചകങ്ങൾക്കോ, ആശയങ്ങൾക്കോ തെറ്റോ, പിഴവോ സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു ബഹുമതസമൂഹത്തിൽ രാമായണതത്ത്വമെന്ന നന്മ എത്തിക്കുക എന്ന എളിയ ഉദ്യമത്തിനാകയാൽ ഉദ്ദ്യേശശുദ്ധിയെ കരുതി സാഹസങ്ങൾ സദയം ക്ഷമിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിച്ചുകൊള്ളുന്നു…..

*വിരോധഭക്തി – വിരോധത്തിലൂടെ ഈശ്വരനെ നിരന്തരം സ്മരിക്കുകയും അതിലൂടെ ഈശ്വരസാക്ഷാൽക്കരവും ,മോക്ഷവും പ്രാപിക്കുന്ന രീതി.

13 comments:

  1. "ബന്ധങ്ങളും മനുഷ്യത്വവും ആത്മീയതയുമൊക്കെ കച്ചവടവത്ക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ സ്നേഹം, ത്യാഗം തുടങ്ങി നന്മയുടെ എല്ലാ അംശവും ചോർന്ന് സർവോപരി മാലിന്യ പൂരിതമായിരിക്കുന്ന മനുഷ്യ മനസ്സുകളിൽ… മാലിന്യവും,ദുർഗ്ഗന്ധവും, അജ്ഞാനവും ഒക്കെ കഴുകിക്കളഞ്ഞ് അവിടെ ത്യാഗമെന്ന,സ്നേഹമെന്ന ,നന്മയെന്ന ഈശ്വരസ്വരൂപത്തെ നിറയ്ക്കുവാൻ" നമുക്കു ശ്രമിക്കാം.

    എന്തു നന്നായിട്ടാണ്‌ എഴുതിയിരിക്കുന്നത്. വളരെയിഷ്ടമായി. ഇത്തവണ വഴക്കു കൂടാന്‍ തോന്നുന്നില്ല.

    ReplyDelete
  2. വിമലിന്റെ പ്രായത്തിലുള്ളവര് രാമായണത്തെയൊക്കെ ഇത്ര ഗൗരവമായി പഠിക്കുന്നതു വളരെ അപൂര്‍വമാണ് ഇക്കാലത്ത് , അഭിനന്ദനങ്ങള്‍!

    ReplyDelete
  3. malayalam font varunnilla.
    chodhyangalundu, Vimal. parithyajikkappetta Seethadevi ennum oru neeralaanu. athukondu. pakshe bhakthiyude niravil yukthi maativachu kaanam ivide.
    nannaayi ee udyamam. snehaththode.

    ReplyDelete
  4. വിമലേ, എഴുത്തിനു അഭിനന്ദനങ്ങള്‍.
    പുരാണത്തില്‍ വിരോധഭക്തിയുടെ ദൃഷ്ടാന്തങ്ങള്‍ ആവോളമുണ്ടല്ലോ. രാവണന്‍, കംസന്‍, ഹിരണ്യകശിപു, മധുകൈടഭന്മാര്‍ അങ്ങനെ... തിന്മ നന്മയില്‍ വിലയം പ്രാപിച്ചു നന്മയാകുന്നു എന്ന് ഗുണപാഠം.

    ReplyDelete
  5. @വായാടി….കമന്റു കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി,
    പിന്നെ വഴക്ക് ….വായാടിയുമായ് വഴക്ക് കൂടന്നത് ഒരു രസമല്ലേ…..സ്നേഹമുള്ളിടത്തെ ..വഴക്കും ഉണ്ടാവൂ…… അതിനാൽ നിർത്തേണ്ട.. ധർമ്മം തുടരുക….

    @ഗുരുജി….വളരെ സന്തോഷം…പഠിച്ചതു അല്പമെങ്കിലും പകരാനായതിലും…കമന്റിന് പ്രത്യേകിച്ചും….

    @മുകിൽ…..ചോദ്യങ്ങൾ തീർച്ചയായും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു…രാമായണകാലഘട്ടം കൂടി നമ്മൾ നോക്കേണ്ടതുണ്ട്…വ്യക്തികളുടെ സ്വാർത്ഥതയെക്കാൾ ധർമ്മത്തിനാണ് അന്ന് പ്രാധാന്യം കൽപ്പിച്ചിരുന്നത്.അതു കൊണ്ടും കൂടിയാണ്..പിതാവിന്റെ വാക്ക് അസത്യമാവാതിരിക്കുവാൻ സർവസുഖവും പരിത്യജിച്ച് ഒരു തെറ്റും ചെയ്യാത്ത ശ്രീരാമൻ വനവാസത്തിനു പോവുന്നത്.സീതാദേവിയുൾപ്പടെയുള്ളവർ അവരവരുടെ ധർമ്മങ്ങളാണ് അനുഷ്ടിക്കുന്നത്. ഇന്നത്തെ ലോകമോ..? എന്റെ ഭാര്യ,എന്റെ ഭർത്താവ്, എന്റെ മക്കൾ,എന്റെ കുടുംബം അങ്ങനെ ഒക്കെ എന്റെയാവുന്നു..എന്റെതാക്കുന്നു..ധർമ്മം ക്ഷിക്കാനോ…പുന:സ്ഥാപിക്കാനോ വേണ്ടി………..അതിൽ ഏതെങ്കിലും ഒന്ന് നഷ്ട്ടപ്പെടാനോ,ത്യജിക്കാനോ…എന്തിന് അതെക്കുറിച്ചൊന്ന് ചിന്തിക്കാനോ..ഞാൻ കൂടിയുൾപ്പെടുന്ന ഇന്നത്തെ ലോകം തയ്യാറാകുമോയെന്ന കാര്യം സംശയിക്കാതെ തന്നെ പറയുവാൻ കഴിയും…
    ഒരു പക്ഷെ തിരിച്ചൊരു ഉപദേശവും തന്നേക്കാം, എന്തു ധർമ്മം, എന്തു നീതി..തത്ത്വം പറയാതെ..ഇനിയെങ്കിലും ജീവിക്കാൻ പഠിക്ക് മാഷേ…….എങ്കിലും ഒരോർമ്മപ്പെടുത്തൽ ..അത്രമാത്രം…തീർച്ചയായും ഒരു കാവ്യമെന്ന നിലയ്ക്കും,സീതാദേവിയെ ഒരു കഥാപാത്രമെന്ന നിലയ്ക്കും കാണുകയാണെങ്കിൽ എനിക്കും അതേ അഭിപ്രായമാണ്..
    വളരെ നന്ദിയുണ്ട്…വന്നതിനും എഴുതിയതിനും…

    @ വേണു മാഷെ……വളരെ സന്തോഷം സ്നേഹത്തിനും കമന്റിനും….

    @വഷൾജി…..വീണ്ടും വന്നതിലും അഭിപ്രായത്തിനും വളരെയധികം സന്തോഷം

    @ എല്ലാവർക്കും…ഈ അഞ്ച് കമന്റുകളും എനിക്ക് കിട്ടിയ അഞ്ച് മെഡലുകളായി കാണുന്നു..വളരെ സന്തോഷം…ഒരിക്കൽ കൂടി നന്ദി….

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. 'ശരിക്കുമുള്ള സീതയെ പഞ്ചവടി ആശ്രമത്തിൽ അഗ്നിയിൽ ഒളിപ്പിച്ചു വെക്കുയാണ് ചെയ്തത്'
    ഈ അഗ്നി ഇന്നും വിടാതെ പിന്തുടരുന്നല്ലോ.

    ReplyDelete
  9. @ടീച്ചറേ……അഗ്നി പരിശുദ്ധിയുടെ പ്രതീകമാണ്…എല്ലാറ്റിനെയും ദഹിപ്പിക്കുകയും പരിശുദ്ധ മാക്കുകയും ചെയ്യുന്നവൻ…
    സീതാദേവി തീർച്ചയായും പതിവ്രതയും , പരിശുദ്ധയുമാണ്.. …ഇവിടെ അഗ്നിയെന്ന പരിശുദ്ധപ്രതീകത്തേക്കാൾ സീതാദേവിയെന്ന പരിശുദ്ധതയ്ക്ക് പറ്റിയ ഇരിപ്പിടമുണ്ടോ..? മാത്രമല്ല ഭഗവാന്റെ യോഗമായയുമാണ് സീത..
    മായയ്ക്ക് മരണമോ..സുഖ,ദു:ഖ ഭേദമോ ഉണ്ടോ..?അതു എന്നും ഭഗവാനിൽ അന്തർലീനമായിട്ടിരിക്കുന്ന ഒന്നാണ്…എന്നാണെന്റെ ചെറിയ അറിവ്
    തീർച്ചയായും സ്ത്രീ പക്ഷചിന്തയെ ഞാൻ ബഹുമാനിക്കുന്നു…
    വന്നതിലും ,അഭിപ്രായത്തിനും വളരെ നന്ദി..വീണ്ടും വരിക

    ReplyDelete
  10. very good attempt..i hv a lot to comment, shall come again to read all posts one by one.

    ReplyDelete
  11. @മൈത്രേയി……വീണ്ടും വന്നതിൽ വളരെ സന്തോഷം…
    സമയം കിട്ടുമ്പോൾ ഇനിയും വരിക…..നന്ദി

    ReplyDelete
  12. serikkum raavanan appo devine apaharichattille? ee arivu vimal engannaa arinjathu?

    ReplyDelete