Thursday, June 2, 2011

പഴനി യാത്രാ വിശേഷങ്ങൾ……


ഇത് കവിതയല്ല ….ചില നേർക്കാഴ്ചകൾ മാത്രം…




തുടക്കം……..
കിഴക്ക്... മല…
മഞ്ഞിൻ പുതപ്പ് വലിച്ചുകീറി….
ഉദിച്ചു വരുന്ന ചുവന്ന സൂര്യൻ…..
കറുത്ത റോഡിൻ ഞരമ്പിലൂടെ….
കുതിച്ച്പായുന്ന ബസ്സിൽ
തനിച്ച് ഞാൻ…

ബസ്സിൽ……
മണക്കുന്നു മുല്ല….
ചിരിക്കുന്നു….തല നിറയെ പൂത്ത…
കനകാമ്പരച്ചെടികൾ…..
ഒരു വശം മരിച്ച മണ്ണ്…
മറുവശം…കടുത്ത തെങ്ങിൻ പച്ച….
വരണ്ട പാണ്ടിക്കാറ്റിൽ മുടിയഴിച്ചാടുന്ന…
വെളുത്ത കാറ്റാടിപ്പാടങ്ങൾ……
എങ്കിലും…മടുക്കുന്നില്ല……
ഈ കുടുസ്സു ജാലകക്കാഴ്ച്ച….

അടിവാരം…….
തിരക്കിൽ കുളിച്ച തെരുവോരങ്ങൾ…
ഭക്തിയുടെ മൊത്ത-ചില്ലറ വ്യാപാരകേന്ദ്രങ്ങൾ……..
ധൃതിയിൽ നടന്നകലുന്ന .തെരുവുസർക്കസ്സുകാർ……..
കുഞ്ഞുമേനിയിൽ വേദനകൊണ്ട് പുളയുന്ന ചാട്ട..!!!?
ഡോലക്കിൽ അമ്മയുടെ കരച്ചിൽ……

മുണ്ഡനം………
വെളുത്ത ടോക്കണെ നെടുകെ മുറിച്ച്….
ക്ഷൌരക്കത്തി ചലിച്ചു………
കറുത്തമുടി കുത്തഴിഞ്ഞ് നിലത്തേക്ക് കുതിച്ചു….
അനന്തരം….സ്നാനം…….
തീർത്ഥം ശിരസ്സിൽ വീണ്……
പലവഴി ചിതറി……
പുറത്തെ ചെളിമുഴുവൻ കഴുകിക്കളഞ്ഞു…..
അകത്തെ ചെളികളയാൻ ഞാനെന്തുചെയ്യും……..?

മലയിലേക്ക്………
പലവഴികൾ….
ഒരു ലക്ഷ്യം……
മലർന്ന് കിടന്ന് വെയിൽ കായുന്ന.
കരിങ്കൽ പാത്തികളെ ഉണർത്താതെ…
മെല്ലെ ചവിട്ടി…
ഉയരത്തിലേക്ക്……..

മുരുകൻ…..
ഇരുളിലെ വെളിച്ചം…..
ഭുജിച്ചാലും..ഭുജിച്ചാലും..മതിവരാത്ത…
ഉരിച്ചു വെച്ച ജ്ഞാനപ്പഴം…..

വിശ്രമം……
ഏതോ പൂർവ്വജന്മപുണ്യം…..
മുണ്ഡനം…ചെയ്ത ശിരസ്സിൽ …
കുളിർമ്മയായ്…ചന്ദനമഞ്ഞ……
നാവിൽ മധുരമായ് പഞ്ചാമൃതം…

മടക്കം…..
ഇലയില്ലാമരങ്ങൾ നിറയെ..കണിക്കൊന്നപ്പൂവുകൾ
കടുത്ത വേനലിൻ കവിളത്തൊരുമ്മയായ്….
നനുത്ത മഴത്തുള്ളി……..

ഉപസംഹാരം………
ഇവിടെ തീരുന്നു….
പഴനി യാത്രാവിശേഷങ്ങൾ….
വഴിയോരക്കാഴ്ച്ചകൾ……
ഇനിയും വരാം…….
ക്ഷുരകന്റെ കത്തി വീണ്ടും വിളിക്കുമ്പോൾ……..