Monday, July 19, 2010

ധന്യമീ…… രാമായണമാസം……( ഭാഗം.2)

രാമായണത്തിന്റെ മധുരമെന്നത് ഭക്തിരസപ്രധാനമായ ആത്മീയതയാണ്. എന്താണ് ആത്മീയതയിലൂടെ രാമായണം ഉദ്ഘോഷിക്കുന്നത്..? നിന്നിലും എന്നിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ചൈതന്യം ഒന്നുതന്നെയാണ് എന്നാണ്… അതാണ് ഈശ്വരൻ. അത് ഏകവും അദ്വൈതവുമാണ്. ലളിതസുന്ദരമായ ഈ രാമായണതത്ത്വം ബാഹ്യാരാധനാ സമ്പ്രദായത്തിൽ മാത്രം അമിതമായി ഊന്നൽ നൽകുന്ന സമകാലിക വിശ്വാസിസമൂഹത്തിന് ഒരു പക്ഷെ ഇനിയും വേണ്ടത്ര ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടോ എന്ന സംശയം ബാക്കി നിൽക്കുന്നു. സകല ചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഈശ്വരനെന്ന പ്രകാശത്തെ….പ്രതിഭാസത്തെ…. ദർശിയ്ക്കാൻ കളങ്കമില്ലാത്ത ..ശുദ്ധമായ ഹൃദയം ഒന്നു മാത്രം മതി. കാമ,ക്രോധ,ലോഭ,മദ,മാത്സര്യാദി ആസക്തികൾ വെടിഞ്ഞ് ഭൌതീകതയുടെ..മായികവലയം ഭേദിച്ചാൽ തീർച്ചയായും അതിനു സാധിക്കും. എന്നാൽ അത് ഈയുള്ളവൻ കൂടിയുൾപ്പെടുന്ന സാധാരണ മനുഷ്യർക്ക് അത്ര എളുപ്പമല്ല.. അത്തരക്കാർക്ക് രാമായണം വഴിയും വെളിച്ചവും ആയി മാറുന്നു. അത്തരം ആസക്തികളെ രാമായണത്തിലുടനീളം നിസ്സാരവല്ക്കരിച്ചും ഉപേക്ഷിച്ചും ത്യജിച്ചും ശ്രീരാമൻ നമുക്ക്മുൻപിൽ ജീവിച്ചുകാണിച്ചുകൊണ്ട് സ്വയം ഉദാത്തമായ ഒരു ഉദാഹരണമായി മാറുകയാണ് ചെയ്യുന്നത്.പ്രലോഭനങ്ങൾ അവ എത്തരത്തിലായാലും തികഞ്ഞ നിസ്സംഗതയോടെ നിസ്സ്വർത്ഥമായി എങ്ങിനെ എതിരിടണമെന്ന് രാമൻ ആധുനിക കാലഘട്ടത്തിന് കാണിച്ചുതരുന്നു.

ഭക്തിയെന്നത് അഭിനയമല്ല അനുഭവമാണ്…ഹിന്ദു ഭക്തിയെന്നോ ക്രിസ്ത്യൻ ഭക്തിയെന്നോ മുസ്ലിം ഭക്തിയെന്നോ അതിനെ വേർതിരിച്ച് കാണാനാവില്ല. ഭക്തിക്ക് ജാതി മത ഭേദമില്ല…വ്യത്യസ്തമായ കൈ വഴികളിലൂടെ ഒഴുകി അത് ഈശ്വരൻ എന്ന മഹാസമുദ്രത്തിൽ ചെന്ന് ലയിക്കുന്നു. ഭക്തിയെന്നത് ഈശ്വരനോടുള്ള ശുദ്ധവും നിസ്വാർത്ഥവുമായ സ്നേഹമാണ്. സ്നേഹം പലതരത്തിൽ പ്രകടിപ്പിക്കുന്നതുപോലെ ഭക്തിയും പലതരത്തിൽ പ്രകടിപ്പിക്കുന്നു. ഭക്തി വിശ്വാസിക്ക് മാത്രമാണെന്ന് കരുതുന്നത് അബദ്ധമാണെന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം. അവിശ്വാസികൾ, നിരീശ്വരവാദികൾ..യുക്തിവാദികൾ..തുടങ്ങിയവരും ഭക്തരാണ്..അവർ സമ്മതിച്ച്തരില്ലെങ്കിലും.. നന്മ,സ്നേഹം,ദയ, മനുഷ്യത്വം,ആത്മാർത്ഥത, സ്വന്തം ധർമ്മത്തിലുള്ള അടിയുറച്ച വിശ്വാസം(അത് നിരീശ്വരവാദമോ,യുക്തിവാദമോ ആയാൽ പോലും) ഇവയെല്ലാം ഈശ്വരന്റെ വിവിധ രൂപങ്ങളെങ്കിൽ വിശ്വാസികൾ എന്ന് ജാട കാണിച്ച് മനുഷ്യത്വത്തിന്റെ കണിക ലവലേശം പോലും കാണിക്കത്തവരെക്കാളും എത്രയോ ഉയരത്തിലാണ് അവരുടെ സ്ഥാനം. രാവണൻ, കുംഭകർണ്ണൻ, മാരീചൻ തുടങ്ങി രാമായണത്തിലെ ദുഷ്ട കഥാപാത്രങ്ങളെല്ലാം തന്നെ ഇത്തരത്തിൽ വിരോധഭക്തിയിലൂടെ ഭഗവാൻ ശ്രീരാമചന്ദ്രനത്തന്നെ പ്രാപിച്ച് ജീവൽമുക്തി നേടുകയാണ് ചെയ്യുന്നത്.

പരിഷ്കൃതസമൂഹമെന്ന് നമ്മൾ അവകാശപ്പെടുമ്പോഴും കാപട്യങ്ങൾക്കോ,നാട്യങ്ങൾക്കോ ഒരു കുറവും ഇപ്പോഴും സംഭവിച്ചിട്ടില്ല. അതു ഏറ്റവും പ്രകടമായിക്കാണുന്നത് ആത്മീയതയിലും..ഞാനൊരു ഭക്തയാണ്/ഭക്തനാണ് എന്ന് വീമ്പുപറഞ്ഞ് ക്ഷണികമായ ഭൌതിക നേട്ടങ്ങൾക്കും ,ആഗ്രഹങ്ങൾക്കും പുറകെ പരക്കം പായുന്നവർ. ശത്രു സംഹാരത്തിനും, ധന ആകർഷണത്തിനും തുടങ്ങി സകല അന്ധവിശ്വാസങ്ങൾക്കും പിന്നാലെ പോയി ഒടുവിൽ ധനവും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്നവർ. ഒടുവിൽ തനിക്ക് പ്രിയപ്പെട്ടതു നഷ്ടപ്പെടുമ്പോൾ ,ആഗ്രഹപൂർത്തീകരണം നടക്കാതെ വരുമ്പോൾ ഒക്കെ ഈശ്വരനെ മാറ്റുന്നവർ, തള്ളിപ്പറയുന്നവർ, ഉപേക്ഷിക്കുന്നവർ ഇവർക്കാർക്കും രാമായണതത്ത്വം ദഹിച്ചുകൊള്ളണമെന്നില്ല. ജീവിതവും സുഖഭോഗങ്ങളും ക്ഷണികവും നശ്വരവുമാണെന്ന് മനസ്സിലാക്കാൻ തീർത്ഥയാത്രയ്ക്കായ് ദൂരസ്ഥലങ്ങളിലേക്കൊന്നും പോവേണ്ടതില്ല…മെഡിക്കൽ കോളേജിലെ പാവങ്ങളുടെ വാർഡിലോ ,കാൻസർ വാർഡിലോ ഒരു തവണ പോയാൽ മതിയാവും……ഇവിടെയാണ് രാമായണതത്ത്വങ്ങൾ ഒരേ സമയം സത്യവും സാന്ത്വനവും ആയി മാറുന്നത്……..
(തുടരും….)

10 comments:

  1. ഞാന്‍ വിശ്വസിക്കുന്നത് ഈശ്വരന്‍ എന്നാല്‍ സ്നേഹമാണന്നാണ്‌.
    അന്ധമായ ഈശ്വരവിശ്വാസം വെച്ചുപുലര്‍‌ത്തുകയും തിന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരേക്കാള്‍ എത്രയോ ശ്രേഷ്ഠരാണ്‌ വിമല്‍ പറഞ്ഞ് അവിശ്വാസികള്‍.

    "അവിശ്വാസികൾ,നിരീശ്വരവാദികൾ..യുക്തിവാദികൾ..തുടങ്ങിയവരും ഭക്തരാണ്"

    ഒരു കാര്യം ചോദിച്ചോട്ടെ? ഈശ്വരവിശ്വാസിയല്ലാത്ത വ്യക്തിയുടെ കാരുണ്യത്തേയും നന്മയേയും "ഭക്തി" എന്ന് വിശേഷിപ്പിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കില്ലേ? എന്റെ ഒരു ചെറിയ സംശയമാണുട്ടോ.

    ReplyDelete
  2. ഹൃദയത്തിൽ നന്മയുള്ളവരിൽ ഈശ്വരൻ വസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണു വിമൽ സംസാരിക്കുന്നത് എന്നാണെനിക്കു തോന്നുന്നത്, തത്തമ്മേ. ഇനി വിമൽ പറയട്ടെ.
    നല്ല ചിന്തകൾ വിമൽ. തുടരൂ.

    ReplyDelete
  3. വിമലേ, നന്നായിട്ടുണ്ട്, രാമായണത്തിന്റെ മഹത്വം പറഞ്ഞാല്‍ തീരില്ല എന്നാണ് ഒരു ഭക്തനല്ലാത്ത എനിക്ക് തോന്നിയിട്ടുള്ളത്. ഇനിയും എഴുതുക.

    ReplyDelete
  4. @വിമല്‍-
    എന്റെ ഈശ്വരന്‍ ഇതാ ഇവിടെയുണ്ട്. വിരോധമില്ലെങ്കില്‍ ഒന്ന് കേള്‍ക്കൂ...

    ReplyDelete
  5. @വായാടി......ന്യായമായ സംശയം... കാരുണ്യവും നന്മയും "ഭക്തി"യുടെ രൂപഭേദങ്ങൾ തന്നെയാണ് .അതിന് വിശ്വാസി അവിശ്വാസി ഭേദം കൽപ്പിക്കേണ്ടതുണ്ടോ എന്ന് എനിക്ക് തിരിച്ചും സംശയമുണ്ട്,..(അവിശ്വാസികൾ സമ്മതിച്ചുതരില്ല്ലെങ്കിൽ കൂടി)..

    @മുകിൽ….പറഞ്ഞതു തീർച്ചയായും ശരിയാണ്…എഴുത്ത് മനസ്സിലാവുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം

    @ഗുരുജി….ഈ കാണിക്കുന്നതു തന്നെ സാഹസമാണ്..ഇത്രയും ഉദ്ദ്യേശിച്ചല്ല എഴുതിത്തുടങ്ങിയത്..പക്ഷെ എഴുതിവന്നപ്പോൾ ഇങ്ങനെയൊക്കെ ആയിപ്പോയി….ഗുരുജി ഒരു ഭക്തനാണെന്ന് ഈ ജന്മം ഗുരുജി സമ്മതിക്കില്ലല്ലോ,……

    @വേണുമാഷെ.. പ്രോത്സാഹനത്തിന് നന്ദി…

    @വായാടി…..കേട്ടു.. വളരെ നന്നായിരിക്കുന്നൂ,
    ഇവിടെ മാത്രമല്ല എവിടെയുമുണ്ട് എന്നേ ഞാൻ പറഞ്ഞുള്ളൂ…..നന്ദി….

    ReplyDelete
  6. തത്ത്വമസി (അത് നീ തന്നെയാണ്)
    അഹം ബ്രഹ്മാസ്മി (ഞാന്‍ ബ്രഹ്മമാകുന്നു)
    പ്രജ്ഞാനാം ബ്രഹ്മ (ബോധമാണ് /പ്രജ്ഞയാണ് ബ്രഹ്മം)
    അയമാത്മ ബ്രഹ്മ (ഈ ആത്മാവാണ് ബ്രഹ്മം)
    നന്മയും, സ്നേഹവും, കരുണയും, സഹവര്‍ത്തിത്വവും എല്ലമാമാനെനിക്ക് ദൈവം. അതിനു രൂപമില്ല, മതമില്ല, ജാതിയില്ല, ചടങ്ങുകളില്ല, രീതികളില്ല, ചിട്ടവട്ടങ്ങളില്ല.

    ReplyDelete
  7. വളരെയധികം ഇഷ്ടമായി.
    സങ്കല്പങ്ങൾ പലതുണ്ടെങ്കിലും എന്നിലെ എന്നെ നന്മയിലേക്ക് നയിക്കുന്ന എന്റെ വിവേകമാണെനിക്കീശ്വരൻ.

    ReplyDelete
  8. @വഷൾജി,@കലാവല്ലഭൻ…..വീണ്ടും വന്നതിൽ സന്തോഷം….തീർച്ചയായും ഇരുവരുടെ സങ്കൽപ്പങ്ങളും ശ്രേഷ്ഠം തന്നെ….
    ഏകം സദ് വിപ്രാ ബഹുധാ വദന്തി (ഋഗ്വേദം 1.164.46 )

    ReplyDelete